Posts

Showing posts from February, 2024

കൊയ്യാപ്പഴം

കൊയ്യാപഴം എന്ന് വെച്ചാൽ ഇവിടെ പേരയ്ക്കാപ്പഴം. ഹോസ്റ്റൽ ജീവിതത്തിന്റെ രുചിയാണ് ഇപ്പോൾ പേരക്കയ്ക്ക്. 40 രൂപയ്ക്ക് അഞ്ചോ ആറോ എണ്ണം കിട്ടും. മാനേജർമാരുടെ പേര് കേട്ട ഏക്കർ കണക്കിന് വരുന്ന തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചു കൊണ്ടുവരുന്ന ഫ്രഷ് പേരയ്ക്കാ. രുചി കൊള്ളാം!  ഇടയ്ക്ക് മഞ്ഞപ്പിടി ഉള്ള, മൂർച്ച എന്നാൽ എന്താണെന്ന് പോലും അറിയാത്ത  ഞങ്ങളുടെ  പ്ലാസ്റ്റിക് കത്തികൊണ്ട് മാഞ്ഞു മുറിക്കുമ്പോൾ ചിലരൊക്കെ മുക്രിയിട്ട് തല പൊക്കും പഴത്തിനുള്ളിൽ നിന്ന്.  "യാരെടാ ഇന്ത പക്കം?" എന്ന ഭാവത്തിൽ.  പിരി പിര  പൊങ്ങി വന്ന അറപ്പ് കടിച്ചുപിടിച്ച് കൊയ്യാക്കയുടെ രണ്ടു പിളർക്കും കൂട്ടിയടച്ച് വെയിൽ അടിക്കുന്ന ജനൽ പടിയിൽ കൊണ്ടുവയ്ക്കും. 40 രൂപയ്ക്ക് അവരുടെ കിടപ്പാടം ഞാൻ വാങ്ങി ദാ ഒരുപകാരവും ഇല്ലാതെ കരിഞ്ഞുണങ്ങാൻ പോകുന്നു എന്നെങ്ങനെ പറയാനാ?  തമാശ എന്താണെന്ന് വെച്ചാൽ എന്റെതടക്കം എത്രയോ പേരുടെ കിടപ്പാടങ്ങൾ ആരുടെയൊക്കെയോ കൈകളിലാണെന്നുള്ളതാണ്. ആർക്കുണ്ട് ഇതൊക്കെ സ്വന്തമായിട്ട്?  ഏതെങ്കിലും വെയിൽ അടിക്കുന്ന ജനൽ പടിയിലിരുന്ന് കരിഞ്ഞുണങ്ങി തീരാറല്ലെ പതിവ് നമ്മളൊക്കെ!

താക്കോൽ

Image
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ കയ്യിൽ കൊടുക്കരുതെന്ന് പറയാറുണ്ട്. ഇന്ന് എന്റെ താക്കോൽ എന്റെ കയ്യിൽ തന്നെയാണ് ഇരിപ്പ്. എന്നാൽ ചിലനേരം താഴോ താക്കോലോ തുരുമ്പെടുക്കുന്നു എന്ന അവസ്ഥ വന്നാൽ,സ്വയം എണ്ണയിട്ടു മിനുക്കാൻ കഴിയാതെ വന്നാൽ?  നിലവിൽ ഈ നിനക്കു പണികൾ അറിയാവുന്ന ഒരാളുടെ പക്കൽ ഒരു സ്പെയർ താക്കോൽ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്. അയാളുടേത് അയാൾ എന്റെ പക്കലും തന്നിരിക്കുന്നു.